Saturday, December 28, 2013

മലയോര മേഖലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ നേതൃത്വം നല്‍കിയ മുതിര്‍ന്ന സി പി എം നേതാവ് അയ്യങ്കാവ് കാലിച്ചാന്‍പാറ തോണിക്കല്ലിലെ ടി കെ ശ്രീധരന് ബേളുര്‍ ഗ്രാമത്തിന്റെ അന്ത്യാഞ്്ജലി.  സി പി എം ജില്ലാ കമ്മിറ്റിയംഗം, പനത്തടി ഏരിയാ കമ്മിറ്റിയംഗം, കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം, കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ടി കെ ശ്രീധരന്‍ കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, തായന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ബേളൂര്‍ ശ്രീശങ്കര എ യു പി സ്‌കൂള്‍ മാനേജര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 1963 മുതല്‍ 1979 വരെ തുടര്‍ച്ചയായി കോടോംബേളൂര്‍ പഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹം 13 വര്‍ഷം പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. അയ്യങ്കാവ് തീവെപ്പ് കേസിലെ പ്രതിയായിരുന്നു. 1979 ല്‍ വിവാഹ സംഘത്തോടൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്ന ടി കെ ശ്രീധരന്‍ അക്രമിക്കപ്പെട്ടിരുന്നു. ആറുമാസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി 10.30 മണിയോടെയാണ് മരണപ്പെട്ടത്. മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ അട്ടേങ്ങാനത്തേക്ക് കൊണ്ടുപോയി. അവിടെ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് കിടത്തിയ മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്ന് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു
ഭാര്യ: ജഗദമ്മ ടീച്ചര്‍. മക്കള്‍: ശോഭ, മിനി, സജീവന്‍. മരുമക്കള്‍: മോഹനന്‍(കാലിച്ചാംപാറ), ജയന്‍(മായാജ്യോതി ട്രാവല്‍സ് കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: മാധവന്‍, സുരേന്ദ്രന്‍, ലക്ഷ്മി, പരേതരായ ടി കെ രാഘവന്‍, കുഞ്ഞിരാമന്‍.
പി കരുണാകരന്‍ എം പി, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ വേണുഗേപാല്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത, കെ പി സി സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. എം സി ജോസ്, ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം മടിക്കൈ കമ്മാരന്‍, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം എം വി കോമന്‍ നമ്പ്യാര്‍, മുന്‍ എം എല്‍ എമാരായ അഡ്വ. കെ പുരുഷോത്തമന്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, സി പി എം ജില്ലാ കമ്മിറ്റിയംഗം ടി കോരന്‍, പനത്തടി ഏരിയാ സെക്രട്ടറി എം വി കൃഷ്ണന്‍, സി ഐ ടി യു ജില്ലാ ട്രഷറര്‍ യു തമ്പാന്‍ നായര്‍, തായന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് യു ഉണ്ണികൃഷ്ണന്‍ നായര്‍, എം ശ്രീകണ്ഠന്‍ നായര്‍, എച്ച് ഗോകുല്‍ദാസ് കാമത്ത്, എം നാഗരാജ് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

AKSHAYA E CENTRE

AKSHAYA E CENTRE